Home | About Us | News Room | Programme | Video | Gallery | Download | Font Problem? | Contact Us

       

സംവരണം, സ്ത്രീസംവരണം-പരിഷ്കരണം അനിവാര്യം

പ്രമേയം- ഒന്ന്

 
Monday, January 25, 2010

മതജാതി വിഭാഗങ്ങളുടേയും ഭാഷ വര്‍ഗ്ഗ വര്‍ണ്ണ സമൂഹങ്ങളുടേയും വൈപുല്യവും വൈജാത്യവും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. ഈ വ്യത്യസ്തതകളാണ് ഇന്ത്യന്‍ സംസ്കാരത്തിന്റെ സൌന്ദര്യ ചേരുവ. എല്ലാവിധ വ്യത്യസ്തങ്ങള്‍ക്കിടയിലും നാം ഉയര്‍ത്തിപ്പിടിക്കുന്ന ഐക്യമാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ കരുത്ത്.
എന്നാല്‍ പ്രയോഗതലത്തില്‍ ഈ വൈജാത്യങ്ങള്‍ മേല്‍-കീഴ് കോയ്മകള്‍ക്ക് കാരണമായിട്ടുണ്ട്. ചരിത്രപരവും വിശ്വാസാചാരപരവുമായ കാരണങ്ങളാല്‍ പിന്നാക്കം നിര്‍ത്തപ്പെട്ടവര്‍ മുന്നാക്കക്കാരാല്‍ അവഗണനക്കും ചൂഷണങ്ങള്‍ക്കും വിധേയരായി. സാമൂഹിക മണ്ഢലങ്ങളില്‍നിന്നും അധികാരകേന്ദ്രങ്ങളില്‍ നിന്നും അവര്‍ അകറ്റി നിര്‍ത്തപ്പെട്ടു.
ഈ വസ്തുത പരിഗണിച്ചു കൊണ്ട് തന്നെയാണ് ഭരണഘടനാ ശില്‍പികള്‍ നമ്മുടെ ഭരണഘടനക്ക് രൂപം നല്‍കിയിരിക്കുന്നത്.പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, മതഭാഷാ ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെ വിവിധ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണത്തിലും വിദ്യാഭ്യാസത്തിലും ആനുപാതിക പ്രാതിനിധ്യം ലഭിക്കുന്ന തരത്തില്‍ സംവരണം വ്യവസ്ഥചെയ്തിരിക്കുന്നത് ഈ യാഥാര്‍ഥ്യബോധം കാരണമാണ്.
ഈ ദിശയിലെ വിപ്ളവകരമായ പുതിയ കാല്‍വെപ്പാണ് സ്ത്രീസംവരണം. പഞ്ചായത്തിരാജ് സ്ഥാപനങ്ങളില്‍ 33% സംവരണം സ്ത്രീകള്‍ക്ക് നീക്കി വെച്ചത് കഴിഞ്ഞ വര്‍ഷം 50% ആക്കി ഉയര്‍ത്തിയിരിക്കുന്നു. പാര്‍ലമെന്റിലും നിയമസഭകളിലും കൂടി സ്ത്രീകള്‍ക്ക് 33% സംവരണം നല്‍കാനുദ്ദേശിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തുണ്ട്.
ജനസംഖ്യയിലെ പകുതിയിലേറെ വരുന്ന സ്ത്രീസമൂഹം എല്ലാ രംഗങ്ങളിലും അവഗണിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളത്. സമൂഹത്തില്‍ ക്രിയാത്മകമായ പങ്ക് നിര്‍വ്വഹിക്കാനുതകും വിധം സ്ത്രീകളെ ശാക്തീകരിക്കുകയും അവരെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്‍ത്തുകയും ചെയ്യുന്നത് പ്രോത്സാഹനാര്‍ഹമാണ്.
സംവരണം കൂടുതല്‍ അര്‍ത്ഥവത്താക്കിമാറ്റുന്നതിന്് കേരളവനിതാസമ്മേളനം താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നു.
1. പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33% സീറ്റുകള്‍ സംവരണം ചെയ്യുന്ന നിര്‍ദ്ദിഷ്ട ബില്ലില്‍ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ഉപസംവരണം ഏര്‍പ്പെടുത്തണം.
2. പഞ്ചായത്തിരാജ് സ്ഥാപനങ്ങളില്‍ 50% സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യുന്ന നിയമത്തില്‍ ഭേദഗതി വരുത്തി പിന്നാക്ക ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്തണം.
3. സാമൂഹികമായും വിദ്യാഭ്യാസപരവുമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ ഭരണത്തിലും അധികാരത്തിലും പങ്ക് കൊടുത്ത് മുഖ്യധാരയിലേക്കുയര്‍ത്താനുള്ള താല്‍ക്കാലിക സംവിധാനമായ സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം കൂടി ഉള്‍ച്ചേര്‍ത്ത് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തടയപ്പെടണം. സാമ്പത്തികമായി അവശതയനുഭവിക്കുന്നവര്‍ക്ക് പിന്നാക്ക- മുന്നാക്ക പരിഗണനകളില്ലാതെ പ്രത്യേക ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് വേണ്ടത്.
4. മതന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജ: രംഗനാഥ് മിശ്ര കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കണം.മുസ്ലിം സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പ്രശ്നങ്ങള്‍ കണ്ടെത്തിയ സച്ചാര്‍ സമിതിയുടെയും അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ രൂപീകരിച്ച പാലോളി കമ്മിറ്റിയുടെയും നിര്‍ദ്ദേശങ്ങള്‍ സത്വരം നടപ്പില്‍ വരുത്തണം.

മുസ്ലിം വ്യക്തി നിയമം ക്രോഡീകരിക്കുക;
വ്യക്തി നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക

പ്രമേയം- രണ്ട്

വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങള്‍ പുലര്‍ത്തുവാന്‍ അവകാശം ലഭിക്കുന്നുവെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയൊരു പ്രത്യേകതയയാണ്. മുസ്ലിംകള്‍ക്ക് വിവാഹം, വിവാഹമോചനം, അനന്തരാവകാശം, തുടങ്ങിയ കാര്യങ്ങളില്‍ ശരീഅത്ത് അനുസരിച്ച് തീര്‍പ്പ് കല്‍പിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നു. എന്നാല്‍ പ്രസ്തുത വിഷയങ്ങളില്‍ ശരീഅത്ത് നിയമങ്ങള്‍ വിശദമായി ക്രോഡീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ പലപ്പോഴും പല അനര്‍ത്ഥങ്ങളും സംഭവിക്കുന്നുണ്ട്. ചിലപ്പോള്‍ ഖുര്‍ആനും സുന്നത്തും വേണ്ടവിധം മനസ്സിലാക്കാത്ത കോടതികള്‍ സ്വന്തം നിലയില്‍ അവയെ വ്യാഖ്യാനിക്കുന്ന അവസ്ഥ നിലവിലുണ്ട്.മറ്റുചിലപ്പോള്‍ പൊതുനിയമങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസാരമായി ശരീഅത്തിനെ മറികടക്കാനുള്ള പ്രവണതയുമുണ്ട്. ശരീഅത്ത് നിയമങ്ങള്‍ വ്യക്തമായി ക്രോഡീകരിക്കുക എന്നതാണ് ഇതിന്റെ പോംവഴി.
വിശുദ്ധഖുര്‍ആന്റെയും സുന്നത്തിന്റെയും കല്‍പനകള്‍ക്കെതിരായ പല നടപടിക്രമങ്ങളും ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമത്തില്‍ ഇന്ന് സാധുവായി പരിഗണിക്കപ്പെട്ടുപോരുന്നുണ്ട്. ബഹുഭാര്യത്വത്തിന്റെ ദുരുപയോഗം, അന്യായമായ വിവാഹമോചനം, മുത്ത്അ വിവാഹം, ചടങ്ങു വിവാഹം, മുത്തലാഖ്, തുടങ്ങിയവ ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. പൊതു മൂല്യങ്ങള്‍ക്കും ശരീഅത്തിന്റെ അംഗീകൃത നിയമ-നിര്‍ദ്ദേശങ്ങളുടെ ചൈതന്യത്തിനുമെതിരായ ഇത്തരം സമ്പ്രദായങ്ങള്‍ സമുദായത്തിന്റെ മുഖത്തെ വികൃതമാക്കുന്നതാണ്. ഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും ആത്മാവിനും ചൈതന്യത്തിനുമൊത്ത് ഇസ്ലാമിന്റെ നൈതിക-മനുഷ്യാവകാശ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ മുസ്ലിം വ്യക്തി നിയമം പുനഃക്രോഡീകരിക്കണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.
ഈ വിഷയത്തില്‍ മദ്ഹബുകളുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളില്‍ പരമാവധി സമവായം കണ്ടെത്തി, അപാകതകളും അബദ്ധങ്ങളുമില്ലാത്ത ഖുര്‍ആന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ മുസ്ലിം വ്യക്തി നിയമം വിശദമായി ആവിഷ്കരിച്ച് കേന്ദ്ര ഗവണ്‍മെന്റിനു മുമ്പില്‍ സമര്‍പ്പിക്കണമെന്ന് മുസ്ലിം നിയമജ്ഞരോടും പണ്ഡിതസമൂഹത്തോടും വിശിഷ്യാ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ബോഡിനോടും ഈ കേരള വനിതാ സമ്മേളനം അഭ്യര്‍ത്ഥിക്കുന്നു.

സ്ത്രീധനത്തിനെതിരെ കര്‍മ്മരംഗത്തിറങ്ങുക

പ്രമേയം- മൂന്ന്


മനുഷ്യന് ജൈവികമായും സാമൂഹികമായും നിലനില്‍പ് സാധ്യമാക്കുന്ന സ്ഥാപനമാണ് കുടുംബം. ഭദ്രമായ വൈവാഹിക ബന്ധങ്ങളാണ് കുടുംബജീവിതത്തിന്റെ അടിത്തറ. സ്നേഹത്തിലും കാരുണ്യത്തിലും ഇഴചേര്‍ത്തെടുക്കുന്ന വൈവാഹിക ബന്ധങ്ങളിലൂടെ മാത്രമേ സുഭദ്രമായ കുടുംബത്തിന്റെ നിര്‍മിതിയും അതുവഴി സുശക്തമായ സമൂഹത്തിന്റെ സൃഷ്ടിപ്പും സാധ്യമാവുകയുള്ളൂ.
വിവാഹത്തെയും കുടുബജീവിതത്തെയും പ്രകാശമാനമാക്കേണ്ട ആത്മീയമൂല്യങ്ങള്‍ വിനഷ്ടമാവുകയും ആര്‍ത്തിയും ദുരയും കേവല സാമ്പത്തിക പരിഗണനകളും മനുഷ്യബന്ധങ്ങളെ നിര്‍ണയിക്കാന്‍ തുടങ്ങുകയും ചെയ്തതിന്റെ ദുരന്തഫലങ്ങള്‍ ഇതര സമൂഹങ്ങളെപ്പോലെ കേരളീയ സമൂഹവും നേരിട്ടുകൊണ്ടിരിക്കുകയാണ്.
വിപണിനിലവാരത്തിനനുസരിച്ച് കുതിച്ചുയരുന്ന സ്ത്രീധനനിരക്ക് സ്ത്രീ കേവലം വില്‍പനചരക്കാണെന്ന തുറന്ന പ്രഖ്യാപനമാണ്. വിവാഹത്തോടനുബന്ധിച്ച് വളര്‍ന്നുവന്നിരിക്കുന്ന ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും കാരണം സാധാരണകുടുംബങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹം പേടിസ്വപ്നമായി മാറിയിരിക്കുന്നു.
വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചു വരുന്നു. കുടുംബശൈഥില്യവും വിവാഹമോചനവും വിവാഹമോചനം പോലും നടക്കാതെ ഉപേക്ഷിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണവും പെരുകി വരുന്നു. ഇത് നല്‍കുന്ന സൂചന സ്ത്രീകളനുഭവിക്കുന്ന ദുരിതങ്ങളിലേക്കുമാത്രമല്ല,സാമൂഹികമായും സാംസ്കാരികമായും നിലനില്‍പിന് അര്‍ഹത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലേക്കുതന്നെയാണ്.
കുടുംബബന്ധങ്ങളുടെ പവിത്രതയെക്കുറിച്ചും സ്ത്രീത്വത്തിന്റെ മഹത്വത്തെക്കുറിച്ചും എല്ലാമതങ്ങളും ഉദ്ബോദിപ്പിക്കുമ്പോഴും മതവിശ്വാസങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും ഏറെ സ്വാധീനമുള്ള നമ്മുടെ സമുഹത്തില്‍ ഈസ്ഥിതി നിലനില്‍ക്കുന്നുവെന്നത് ഏറേ വേദനാജനകമാണ്.മത-സാമൂഹിക-സാംസ്കാരിക നേതൃത്വം ഈ മേഖലയില്‍ സവിശേഷ ശ്രദ്ധ നല്‍കണമെന്ന് ഈ സമ്മേളനം ശക്തമായി ആവശ്യപ്പെടുന്നു. വിപ്ളവബോധമുള്ള യുവാക്കള്‍ക്കും യുവജനപ്രസ്ഥാനങ്ങള്‍ക്കും പ്രായോഗിക മാതൃകകള്‍ സൃഷ്ടിച്ച് സമൂഹത്തിന് ദിശാബോധം നല്‍കുവാനുള്ള ബാധ്യതയുണ്ട്
സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കറുതിവരുത്താന്‍ ആദ്യമായി മുന്നിട്ടിറങ്ങേണ്ടത് സ്ത്രീസമൂഹം തന്നെയാണ്. വിവാഹത്തോടനുബന്ധിച്ച് നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വരണമെന്നും സ്വന്തം മകനിലൂടെയും സഹോദരനിലൂടെയും കര്‍മമാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് സ്ത്രീധനവിരുദ്ധപോരാട്ടത്തില്‍ പങ്കാളിയാകണമെന്നും എല്ലാ സഹോദരിമാരോടും ഈ സമ്മേളനം ആവശ്യപ്പെടുന്നു.

ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ വീണ്ടെടുക്കുക
പ്രമേയം- നാല്


മനുഷ്യസംസ്കാരത്തിന്റ അടിത്തറയാണ് ധാര്‍മ്മികത.ബോധപൂര്‍വ്വം തെരഞ്ഞെടുത്ത് അനുഷ്ഠിക്കുന്ന ധാര്‍മ്മിക സദാചാര സീമകളാണ് മനുഷ്യനെ ഇതര ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്ന മുഖ്യഘടകം. ഇവ വ്യക്തിയെ സംസ്കാര സമ്പന്നനാക്കി മാറ്റുകയും സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിന് അനിവാര്യമായ സഹവര്‍ത്തിത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ധാര്‍മ്മിക സദാചാര തകര്‍ച്ചയാണ് സംസ്കാരങ്ങളുടെ പതനത്തിന് വഴിവെച്ചതെന്നതിന് ചരിത്രം സാക്ഷിയാണ്.
ഇത്തരമൊരു പതനത്തിന്റെ വക്കിലാണ് നാം എത്തിനില്‍ക്കുന്നതെന്ന ആശങ്കയുണര്‍ത്തുന്നതാണ് സമകാലിക അവസ്ഥ. അശ്ളീലതയും നിര്‍ലജ്ജതയും സര്‍വവ്യാപിയായിരിക്കുന്നു. സ്വവര്‍ഗ്ഗരതി പോലുള്ള വൈകൃതങ്ങള്‍ക്ക് ദാര്‍ശനിക പിന്തുണയും നിയമസംരക്ഷണവും നല്‍കപ്പെടുന്നു. കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന മദ്യപാനത്തിന് ഭരണകൂടം തന്നെ സര്‍വ്വ പ്രോത്സാഹനവും നല്‍കുന്നു. ആഘോഷവേളകളില്‍ കേരളം കുടിച്ചു തീര്‍ക്കുന്ന കോടികളുടെ കണക്കുകള്‍ മാത്രം മതി നാം അഭിമുഖീകരിക്കുന്ന സാമൂഹിക ദുരന്തത്തിന്റെ ആഴമറിയാന്‍.
വിപണി സാധ്യതകളെ ശരിതെറ്റുകളുടെ അന്തിമമാനദണ്ഢമായിക്കാണുന്ന മുതലാളിത്ത ദര്‍ശനത്തിന്റെ പിടിമുറുക്കവും സാമൂഹികതിന്മകള്‍ക്ക് സാംസ്കാരിക വൈവിധ്യങ്ങളുടെ വര്‍ണ്ണപ്പൊലിമ നല്‍കുന്ന ഉത്തരാധുനിക ചിന്തകളും ഒരേ പോലെ ഈ ദുരന്തത്തിന് ആക്കം കൂട്ടുകയാണെന്ന് നാം തിരിച്ചറിയണം. മനുഷ്യമഹത്വം അംഗീകരിക്കുകയും അവന്റെ മനസ്സിന്റെ നന്മകളെ സമൂഹസൃഷ്ടിയുടെ അടിത്തറയായി കാണുകയും ചെയ്യുന്ന മത-ആത്മീയ-സനാതന മൂല്യങ്ങള്‍ക്ക് വ്യക്തി ജീവിതത്തിലും സാമൂഹിക മണ്ഢലങ്ങളിലും ഇടം നല്‍കികൊണ്ട് മാത്രമേ ഈപ്രതിസന്ധി മിറകടക്കുക സാധ്യമാവുകയുള്ളൂ. ഇത്തരമൊരു പുനര്‍വിചിന്തനത്തിന് കേരളീയസമൂഹം സന്നദ്ധമാവണമെന്ന് ഈ സമ്മേളനം ഗൌരവപൂര്‍വ്വം ആവശ്യപ്പെടുന്നു.


 
© www.jihwomenkerala.org